Friday, 22 July 2016

ചിത/CHITHA

ചിത 

സൂര്യനെ നോക്കി ദിശ കണ്ടുപിടിച് തെക്ക് നിന്ന്  വടക്കോട്ട്‌ ചതുരാകൃതിയിൽ ആറടി മണ്ണ്. ഉണരാത്ത ഉറക്കത്തിൻ്റെ  ഉറവിടം അവിടെയാണ്. പറമ്പിൻ്റെ  പടിഞ്ഞാറേ അറ്റത്തുനിന്ന താളി  മാവിലേക്ക്‌ മഴു ആഞ്ഞു വെട്ടുന്നതിന്റെ ശബ്ദം ഉച്ചത്തിൽ കേൾക്കാം. പാവം അവളും വയസ്സായിരിക്കുന്നു. ഇനി ഒരു താളി  മാങ്ങാ തരാൻ അവൾക്കാകില്ല. ആദ്യമായി അച്ഛൻ്റെ  തല്ല്  കിട്ടിയത് മാവിൽ കയറി വീണപ്പോഴായിരുന്നു. അങ്ങനെ എത്രയെത്ര കഥകൾ പറയാനുണ്ടാര്നു അവൾക്ക്. അമ്മൂമ്മയുടെ ചിതയൊരുക്കാൻ നിന്നവർ രണ്ടു വാഴകൂടി വെട്ടികൊണ്ടുവരുന്നത്  ദാമു കണ്ടു. അവൻ  മന്ത്രിച്ചു. ഒരു മരണം നടന്നു, അതിന്റെ അന്ത്യകർമ്മങ്ങൾക്ക്കായി ദാ ഇപ്പോ മൂന്ന് ജീവനും കൂടെ അടർത്തിയെടുത്തു . ഓരോരോ ആചാരങ്ങൾ. അപ്പൂപ്പനെ മാവ് വെട്ടിയാണ് ദഹിപ്പിച്ചതെന്നു അമ്മൂമ്മ പറഞ്ഞിട്ടുണ്ട്.
അമ്മൂമ്മ മരിക്കുമ്പോഴും അങ്ങനെ തന്നെ വേണമെന്നാണ് ആഗ്രഹം. മസ്തിഷ്ക അര്ബുദമായിരുന്നു അമ്മൂമ്മയുടെ തലവേദനക്ക് കാരണമെന്ന്‌ മരിക്കുന്നതിന് രണ്ട് മാസം മുമ്പാണ്  കണ്ടെത്തിയത്. പ്രായാധിക്യം ചികിത്സയെ ബാധിച്ചു. ഓപ്പറേഷൻ സാധ്യമല്ലായിരുന്നു. രണ്ട് മാസക്കാലം തല തല്ലിപൊളിക്കുന്ന  വേദന സഹിച്ചു. എങ്കിലും മാവ് വെട്ടേറ്റു വീണപ്പോൾ അമ്മൂമ്മയുടെ വിയോഗത്തെക്കാൾ ദുഃഖം തോന്നി. അമ്മൂമ്മയുടെ ദുരാഗ്രഹത്തെ മനസ്സിൽ ശപിച്ചു.

മനുഷ്യൻ എന്നും സ്വാർത്ഥനാണ്, ഭൂമി അവന് തീറെഴുതി കൊടുത്തതാണെന്നാണ് ഭാവം. മൃഗങ്ങളും സസ്യങ്ങളും അവൻ്റെ സ്വാർത്ഥതക്കുള്ള ഉപകരണങ്ങളത്രെ. ആവശ്യത്തിനും അനാവശ്യത്തിനും അവയെ ചൂഷണം ചെയ്യും.കടലും കായലും കുളവുമെല്ലാം വേണം. എന്നാൽ അവ സംരക്ഷിക്കപ്പെടേണ്ടതാണെന്ന ബോധം അവനില്ല. ക്ഷമയുടെ പരിധി അവസാനിക്കുമ്പോൾ പ്രകൃതിയും ഒരു ദിവസം തിരിച്ചടിക്കും.

ഇതെല്ലാം ഓർത്തിരുന്നപ്പോഴാണ് അമ്മൂമ്മയുടെ ജഡം കുളിപ്പിച്ചു വൃത്തിയാക്കി ഉമ്മറത്ത് കിടത്തിയത്. അകത്തെ മുറിയിൽ നിന്നു അമ്മയുടേം  ചെറിയമ്മയുടേം കരച്ചിലും കേൾക്കാം. ജഡം കിടത്താൻ കാത്തിരുന്നെന്നോണം കുന്നത്തെ  മീനാക്ഷിയമ്മ രാമായണപാരായണം തുടങ്ങി. പേര് കേട്ട നായർ തറവാടാണ് മുല്ലശ്ശേരി വീട്. മരണത്തിലും പ്രൗഢിക്ക് കോട്ടം തട്ടാൻ പാടില്ലല്ലോ! എല്ലാത്തിനും ചുക്കാൻ പിടിക്കുന്നത് നായർ സമുദായ സമിതി അംഗങ്ങളാണ്.


ശ്രീ നാരായണ ഗുരുവും ചട്ടമ്പിസ്വാമിയും അയ്യങ്കാളിയുമെല്ലാം എന്താണോ ഇല്ലാതാക്കാൻ ശ്രമിച്ചത്, അതിന് വിപരീതമായി ഈ നവോത്ഥന നായകരുടെ പേരിനെ തന്നെ ഒപ്പം കൂട്ടി അവരുടെ സന്ദേശത്തെ ബോധപൂർവം മറച്ചു കേരനാടിനെ എന്നും ചാതുർവർണ്യത്തിൻ്റെ നാല് നെടുംതൂണിൽ തളയ്ക്കുകയല്ലേ  ജാതി കോമരങ്ങൾ ചെയ്യുന്നത്. അമ്മൂമ്മയും ആ ഗണത്തിൽ പെടും. സവർണ്ണതയുടെ എല്ലാ മേധാവിത്വവും അമ്മൂമ്മയിൽ പ്രകടമായിരുന്നു.

ശവദാഹത്തിന് സമയമായി. അന്ത്യകർമ്മങ്ങൾ ചെയ്യുന്നത് അച്ഛനാണ്. ഒരു  കുടം വെള്ളം ദാമുവിൻ്റെ തലയിലുമുണ്ട്. മൂന്ന് വട്ടം വലംവച്ചു  കുടം നിലത്തുടച്ചപ്പോഴാണ് ദാമു കേശവൻ മാമനെ കാണുന്നത്. മുല്ലശ്ശേരി വീടിൻ്റെ പ്രധാന ജോലിക്കാരനായിരുന്നു കേശവൻ. വേനലവധിക്ക് തറവാട്ടിലേക്ക് വന്നിരുന്ന കാലത്തൊക്കെ കേശവനിവിടെയുണ്ടായിരുന്നു. ദാരിദ്ര്യത്തിൻ്റെ എല്ലുകൾ ഉന്തിയ ശരീരം. ദാമുവിനെ വലിയ ഇഷ്ടമായിരുന്നു കേശവന് . പക്ഷേ  അമ്മൂമ്മ ദാമുവിനെ കേശവൻ്റെ   അടുത്തേക്ക് വിടില്ല. അമ്മൂമ്മയുടെ സവർണാധിപത്യം മുഴുവൻ പ്രകടിപ്പിക്കുന്നത് കേശവനോടായിരുന്നു. പല തവണ പരിസരം മറന്ന് അമ്മൂമ്മ കേശവനെ ജാതീയമായി അധിക്ഷേപിക്കുന്നത് കണ്ടു നിന്നിട്ടുണ്ട്. കഴിഞ്ഞ വേനലവധിക്ക് വന്നപ്പോൾ കേശവൻ തറവാട്ടിലില്ല? കാരണം   തിരക്കിയപ്പോൾ അമ്മൂമ്മ മറുപടി ഒന്നും നൽകിയില്ല.

കര്മങ്ങളെല്ലാം കഴിഞ്ഞു. ആൾക്കൂട്ടവും പിരിയാൻ തുടങ്ങി. കേശവൻ ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു തെങ്ങിൻ്റെ ഓരം  നിൽക്കുകയാണ്.  ഇടം കണ്ണിനെ ഇരുട്ടിലാക്കി മുഖത്തുനിന്ന് കഴുത്തിലേക്ക് നീളുന്ന ആഴത്തിലുള്ളൊരു മുറിപ്പാടിൽ തടവുകയാണ് അയാൾ. ദാമു കേശവൻ്റെ കണ്ണിലേക്കു നോക്കി, ഒരു ദളിതൻ്റെ  പകയുടെ കനലിൽ കത്തിയമരുകയാണ് അമ്മൂമ്മയുടെ ചിത........... 
ആർ . ബി . സനൂപ് 

*******************


1 comment:

  1. My short story against the caste system still following in our country....

    ReplyDelete